2025 ഡിസംബർ- 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ഇവിടുത്തെ ഒരോ പ്രദേശങ്ങള്‍ക്കും വ്യത്യസ്തവും കൌതുകമുണര്‍ത്തുന്നതുമായ സ്ഥലനാമഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. അടുത്തകാലം വരെ ഏതു വേനല്‍ക്കാലത്തും ഉറവുണ്ടായിരുന്ന മല്ലന്‍കുഴി എന്ന സ്ഥലത്തിന് മല്ലന്‍ എന്ന കാട്ടുജാതിക്കാരന്റെ കാലടികള്‍ കൊണ്ട് കുഴിഞ്ഞ ഇടം എന്ന അര്‍ത്ഥത്തിലാണ് മല്ലന്‍കുഴി എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു. ആജാനബാഹുവായ ഒരു മനുഷ്യന്റെ കാലടിപ്പാടിനോട് സാദൃശ്യമുള്ള കുഴികള്‍ ഇന്നും ഇവിടെ കാണപ്പടുന്നുണ്ടെന്ന് പറയപ്പെടുന്നു. ധാരാളം വെള്ളം നിറഞ്ഞു നിന്നിരുന്ന വനപ്രദേശമായിരുന്നുവത്രെ വെള്ളറക്കാട്. ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് വെള്ളറക്കാടിന്റെ ഐതിഹ്യം. കാട്ടിലെ ജലാശയത്തിലെ അറയില്‍ അന്തര്‍ലീനമായി കിടന്നിരുന്ന വിഷ്ണുബിംബമെടുത്ത് അഗസ്ത്യമഹര്‍ഷി പ്രതിഷ്ഠിച്ചതിനാലാണ് വെള്ളറക്കാട് എന്ന സ്ഥലനാമമുണ്ടായതെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിനാനൂറില്‍പരം വര്‍ഷങ്ങളുടെ പഴക്കമുള്ളതായി പറയപ്പെടുന്നു. ചേര രാജാക്കന്‍മാരുമായി ബന്ധപ്പെട്ടാണ് ചേരമനങ്ങാട് എന്ന പേര്‍ ഉണ്ടായത്. അത് പിന്നീട് ചിറമനങ്ങാട് ആയതാകാം. ചിറയും മനയും കാടും ചേര്‍ന്ന പ്രദേശമായതുകൊണ്ടാണ് ചിറമനങ്ങാട് എന്ന പേരായത് എന്നും പറയുന്നുണ്ട്. ജൈനസംസ്കാരത്തിന്റെ അവശിഷ്ടമായ കുടക്കല്ലുകള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത് കേന്ദ്രപുരാവസ്തു വകുപ്പ് ഇന്നും സംരക്ഷിച്ചുവരുന്നു. നല്ലുദാരമുനി സിദ്ധര്‍തന്‍ ശവക്കല്ലുമൂടിയ വിശുദ്ധഭൂമിയില്‍ തെല്ലയുന്ന ശില കാലുമായ് കുടക്കല്ലു കാണ്മതുമിതിന്റെ ലക്ഷണം എന്ന് കേരള ചരിത്രകാവ്യത്തില്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ പറഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ കുടക്കല്ലുകള്‍ കാണപ്പെടുന്നത് ചിറമനങ്ങാടാണ്. കുടക്കല്ലുകളെ സംബന്ധിച്ച് കേന്ദ്രപുരാവസ്തുവകുപ്പുകള്‍ കൂടുതല്‍ പഠനം നടത്തികൊണ്ടിരിക്കുകയാണ്. പ്രസ്തുതകുടക്കല്ല് കേന്ദ്രസര്‍ക്കാര്‍ കണ്ടക്റ്റഡ് ടൂറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പായ്ക്കപ്പലില്‍ വന്നിറങ്ങി പാലയൂരിലെത്തിയ പറങ്കികള്‍ അവിടെ നിന്നും കുതിരപ്പുറത്ത് ചെമ്മംതിട്ട വരെ വന്നുവെന്നും വെള്ളച്ചാല്‍ വഴി എയ്യാലിലൂടെ വാണിയംപാറ വരെ വന്നിരുന്നതായും കേള്‍ക്കുന്നു. എയ്യാല്‍ കോട്ട എന്നറിയപ്പെടുന്ന സ്ഥലം ഇപ്പോള്‍ ചൂണ്ടല്‍ പഞ്ചായത്തിലാണ്. അത് തലപ്പിള്ളി നാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നുവെന്നും അതല്ല; പടയോട്ടക്കാലത്ത് ടിപ്പു നിര്‍മ്മിച്ചതാണെന്നും കേള്‍ക്കുന്നു. എന്തായാലും സ്ഥലനാമ ചരിത്രങ്ങളിലും കേരള ചരിത്രത്തിലും ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടിട്ടുളള സ്ഥലമാണ് എയ്യാല്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരത്തംകോട് എന്ന പ്രദേശം മരങ്ങളെകൊണ്ട് നിബിഡമായിരുന്നു. മലബാര്‍ മേഖലയിലുള്ള ജനങ്ങള്‍ കരിച്ചാല്‍ കടവ്-ചിറളിപ്പുഴ കടത്തുകള്‍ കടന്ന് കൊച്ചിയില്‍ പ്രവേശിച്ചാല്‍ കിഴക്കന്‍മേഖലയുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം കുന്ദംകുളം-വടക്കാഞ്ചേരി മണ്ണുപാതയായിരുന്നു. അക്കാലത്ത് മലബാര്‍ മേഖലയില്‍ നിന്നും പുറപ്പെടുന്നവര്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങള്‍ കൊണ്ട് നിബിഡമായിരുന്ന ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേരു ലഭിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിച്ചു വരുന്ന ചിറമനങ്ങാട് കുടക്കല്‍പറമ്പും പന്ത്രണ്ട് റോമന്‍ സ്വര്‍ണ്ണനാണയങ്ങളും നൂറ്റിയഞ്ച് വെള്ളിനാണയങ്ങളും എയ്യാല്‍ ഗുഹയും ഈ നാട്ടില്‍നിന്നും കണ്ടെടുക്കപ്പെട്ട അമൂല്യ ചരിത്രസാമഗ്രികളാണ്. ഒട്ടനവധി ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം ദേവാലയങ്ങളുടെ സങ്കേതമാണ് കടങ്ങോട് പഞ്ചായത്ത്. ഭഗവതീക്ഷേത്രം, വെളളറക്കാട് ശ്രീരാമസ്വാമിക്ഷേത്രം, എയ്യാല്‍ ഭഗവതിക്ഷേത്രം, ചിറമനങ്ങാട് പാലഞ്ചേരി ശിവക്ഷേത്രം, ചെമ്പറയൂര്‍ അയ്യപ്പന്‍ കാവ് എന്നിവയാണ് പുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങള്‍. ഈ പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വെളളറക്കാട് പള്ളിയും മരത്തംകോട് പള്ളിയുമാണ്. ഇപ്പോള്‍ ചിറമനേങ്ങാട്, എയ്യാല്‍, കടങ്ങോട് എന്നിവിടങ്ങളിലൊക്കെ ക്രിസ്ത്യന്‍പള്ളികളുണ്ട്. ഈ പഞ്ചായത്തിലെ ആദ്യത്തെ മുസ്ളീംദേവാലയം തിപ്പിലശ്ശേരി കടങ്ങോട് തലേങ്ങാട്ടിരി പള്ളിയാണ്. വെള്ളത്തേരി, കടങ്ങോട്-മനപ്പടി, ചിറമനേങ്ങാട്, പന്നിത്തടം, എയ്യാല്‍, ആദൂര്‍, വെള്ളറക്കാട്, മരത്തംകോട് എന്നിവിടങ്ങളിലാണ് ജുമാ അത്ത് പള്ളികളുള്ളത്. കൊച്ചി പ്രജാമണ്ഡലം എന്ന സംഘടനയുടെ നേതൃത്വത്തില്‍ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനം കടങ്ങോട് പഞ്ചായത്തിലും പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ആദ്യകാല പ്രവര്‍ത്തകരായിരുന്ന കീഴ്വീട്ടില്‍ മാധവന്‍, വാളനാത്ത് ബാലകൃഷ്ണന്‍ നായര്‍, പുതിയമാത്തൂര്‍ ചെറായി പടിഞ്ഞാക്കര ശങ്കരന്‍ പണിക്കര്‍, മണ്ടംപറമ്പ് കോഴിക്കാട്ടില്‍ കുട്ടിരാമന്‍ മുതല്‍ പേരുടെ മഹനീയമായ സംഭാവനകള്‍ ദേശീയ പ്രസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. 1930-കളില്‍ ദേശീയ നവോത്ഥാന പ്രസ്ഥാനം അലയടിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ കടങ്ങോട് പഞ്ചായത്തിലും ഇതിന്റെ ഭാഗമായി പല പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. സമൂഹത്തിലെ പിന്നോക്കക്കാരായ പട്ടികജാതി-പിന്നോക്ക സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുന്നതിനു വേണ്ടി വെള്ളറക്കാട്ട് ശ്രീരാമക്ഷേത്രത്തിനുള്ളില്‍ പി.കെ.കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തില്‍ പിന്നോക്കക്കാര്‍ പ്രവേശിക്കുകയും ക്ഷേത്രപ്രവേശനവിളംബരം നടത്തുകയും ചെയ്തു. മഹാത്മാവും പ്രഖ്യാതപണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ കൈകുളങ്ങര രാമവാര്യരുടെ ജനനത്താല്‍ അനുഗ്രഹീതമായ കൈകുളങ്ങര ഭവനം കടങ്ങോട് പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. എം.എല്‍.സിയായിരുന്ന കോടനാട്ട് നാരായണന്‍ നമ്പൂതിരി, ജാതിമതഭേദമന്യേ ഏവര്‍ക്കും സുസമ്മതനായിരുന്ന സി.പരീത് ഹാജി, വില്ലേജ് കോര്‍ട്ട് ജഡ്ജിമാരായിരുന്ന സയ്യിദ് അബ്ദുള്‍ റഹിമാന്‍ കൊച്ചു കോയ തങ്ങള്‍, കുന്നത്തുനാരായണന്‍, സീനിയര്‍ ജഡജ് കുട്ടിരാമന്‍ നായര്‍, മണ്ടം പറമ്പ് കൊച്ചാപ്പു, കോട്ടയം ബിഷപ്പ് ആദൂര്‍ യുയാകിം ഐ ചീരന്‍, പ്രമുഖ ഇസ്ളാം മതപണ്ഡിതന്‍ സയ്യിദ് അബ്ദുള്‍ റഹിമാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ തുടങ്ങിയവര്‍ ഈ നാടിന്റെ സന്താനങ്ങളാണ്.